Tuesday, April 7, 2009

നാവികന്റെ ചിരി

ആകാശത്തിലെ
വര്‍ണസന്ധികളെക്കുറിച്ചോര്‍ത്ത്
കടല്‍മുനമ്പത്തൊരേകാന്തനാവികന്‍ !

കടല്‍ത്തീയ്
പാഞ്ഞുവന്നുപോയ തീരത്ത്,
കല്പവൃക്ഷങ്ങളുടെ ഹൃദയപ്പിടപ്പുകള്‍
അവന് തണലൊരുക്കുന്നു.
അള്‍ത്താരയും കുമ്പസാരക്കൂടും
മരവിച്ചുറഞ്ഞുപോയതിനാല്‍
നാവികന്‍ കിനാവ് കാണുന്നു :
പ്രളയജലത്തെ
പേടകത്തെ
തോണിയെ
തോണിക്കാരനെ
കലപ്പയെ
പൂട്ടുകാരനെ.

അങ്ങനെ,
ചര്‍ക്കയേയും മുതുമുത്തച്ഛനേയും
പൂമ്പാറ്റയേയും വസന്തത്തേയും
വാക്കിനേയും കവിയേയും
ഇണകളെയോരോരുത്തരെയായി
നിരത്തിയൊരുക്കുന്നു!

നാവികന്റെ ചിന്തകളില്‍
കമ്പനങ്ങളാ‍ല്‍ നുറുങ്ങുനുറുങ്ങായിപ്പോയ
വന്‍കരകളുടെ വിഴുപ്പുകെട്ടുകള്‍ !
ആയതിനാല്‍
നാവികന്‍ തന്റെ കിനാവിലെ കപ്പലിന്
ആദ്യത്തെകേട് തീര്‍ത്തുതുടങ്ങി :
മഞ്ഞുകണങ്ങളിലൂടെ
കടന്നുപോകുമ്പോഴാണ്
വെളിച്ചം തനിസ്വഭാവം
തെളിച്ചുകാണിക്കുന്നത്.

ഒടുവിലൊരിക്കല്‍
ഒരൊറ്റച്ചിരികൊണ്ടവന്‍
നൂറുവര്‍ണങ്ങളും തുറന്നുകാണിക്കും.