Tuesday, April 7, 2009

നാവികന്റെ ചിരി

ആകാശത്തിലെ
വര്‍ണസന്ധികളെക്കുറിച്ചോര്‍ത്ത്
കടല്‍മുനമ്പത്തൊരേകാന്തനാവികന്‍ !

കടല്‍ത്തീയ്
പാഞ്ഞുവന്നുപോയ തീരത്ത്,
കല്പവൃക്ഷങ്ങളുടെ ഹൃദയപ്പിടപ്പുകള്‍
അവന് തണലൊരുക്കുന്നു.
അള്‍ത്താരയും കുമ്പസാരക്കൂടും
മരവിച്ചുറഞ്ഞുപോയതിനാല്‍
നാവികന്‍ കിനാവ് കാണുന്നു :
പ്രളയജലത്തെ
പേടകത്തെ
തോണിയെ
തോണിക്കാരനെ
കലപ്പയെ
പൂട്ടുകാരനെ.

അങ്ങനെ,
ചര്‍ക്കയേയും മുതുമുത്തച്ഛനേയും
പൂമ്പാറ്റയേയും വസന്തത്തേയും
വാക്കിനേയും കവിയേയും
ഇണകളെയോരോരുത്തരെയായി
നിരത്തിയൊരുക്കുന്നു!

നാവികന്റെ ചിന്തകളില്‍
കമ്പനങ്ങളാ‍ല്‍ നുറുങ്ങുനുറുങ്ങായിപ്പോയ
വന്‍കരകളുടെ വിഴുപ്പുകെട്ടുകള്‍ !
ആയതിനാല്‍
നാവികന്‍ തന്റെ കിനാവിലെ കപ്പലിന്
ആദ്യത്തെകേട് തീര്‍ത്തുതുടങ്ങി :
മഞ്ഞുകണങ്ങളിലൂടെ
കടന്നുപോകുമ്പോഴാണ്
വെളിച്ചം തനിസ്വഭാവം
തെളിച്ചുകാണിക്കുന്നത്.

ഒടുവിലൊരിക്കല്‍
ഒരൊറ്റച്ചിരികൊണ്ടവന്‍
നൂറുവര്‍ണങ്ങളും തുറന്നുകാണിക്കും.

Thursday, March 26, 2009

രാധക്ക് സ്നേഹപൂര്‍വം

നീ
രാധ
എനിക്ക്
കവിതച്ചവര്‍പ്പുമുറ്റിയ
ചുണ്ടുകൊണ്ടൊരുമ്മ
അമ്മമധുരം.

ഞാ-
നൊരുണ്ണിക്കണ്ണനായി
ഇളംകാല്‍വിരലുപ്പു നുകര്‍ന്ന്
ആലിലപ്പാത്രത്തില്‍.

നിന്റെ
നറുംവിരലില്‍ത്തൊട്ടു
ഞാന്‍ പിച്ച വെച്ചു,
താരാട്ടുപാലിന്റെ രസമറിഞ്ഞു.
അമ്മയമ്മയെന്നു
മനസ്സില്‍ മൂളി നീ,
നീ രാധ
യെന്നേ കൊഞ്ചി ഞാന്‍ .

നിന്നെ ഞാനറിഞ്ഞില്ല
കൌതുകം കൊണ്ട കൌമാരം
വെറും പെണ്ണു നീ-
യെന്നെനിക്കിക്കിളി കൂട്ടി,
പിന്നെ ഞാനറിഞ്ഞു
കണ്ണിന്റെ നീറ്റം.

എന്റെ കാഴ്ച
പിടിച്ചു തന്നവള്‍ നീ രാധ.
നീയെനിക്കാര്,
ഞാന്‍ നിനക്കും ?!

വല്യേച്ചിയുടെ മാക്സി

വല്യേച്ചിയുടെ
വീട്ടില്‍ കയറിച്ചെല്ലുമ്പോള്‍
നേരം സന്ധ്യയാ‍യിരുന്നു.
വരാന്തയില്‍ നീണ്ട് നിവര്‍ന്ന്
ചേച്ചിയുടെ പഴയ മാക്സി !

ശ്രദ്ധിച്ച്,
കാലുതട്ടാതെ
ഓരം ചേര്‍ന്ന്
തലക്കല്‍ ചെന്നിരുന്നു.
ചിരിച്ചും കളിച്ചും
കളിയാക്കിയും ഓമനിച്ചും
തുടിച്ചുനടന്നിരുന്ന വല്യേച്ചി
ഉടുത്തിരുന്ന പഴയ മാക്സി.

ഏറെപ്പഴകിയിട്ടാണ്
വരാന്തയിലിങ്ങനെ
ഉപേക്ഷിക്കാന്‍ വെച്ചിരിക്കുന്നത്.
കത്തിച്ചുകളയുകയോ
കുഴിച്ചിടുകയോ ചെയ്യാം;
എന്നാലുമിങ്ങനെ
പ്രദര്‍ശിപ്പിക്കാന്‍ വയ്യ !